ഇൻസ്റ്റഗ്രാമിലെ സബ്സ്ക്രിപ്ഷനെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി നടി അന്ന രാജൻ. സെലിബ്രിറ്റികളടക്കമുള്ള ചിലർ മാന്യമല്ലാത്ത ഉള്ളടക്കമാണ് സബ്സ്ക്രിപ്ഷനിൽ പങ്കുവയ്ക്കുന്നതെന്ന പ്രചരങ്ങൾക്ക് മറുപടിയെന്നോണമാണ് അന്ന എത്തിയത്.
മാന്യമല്ലാത്ത യാതൊന്നും തന്റെ സബ്സ്ക്രിപ്ഷനിൽ നിന്നും പ്രതീക്ഷിക്കരുതെന്നും താൻ ആരാധകരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്നും അന്ന പറയുന്നു.
തന്റെ ഏറ്റവും പുതിയ ഫോട്ടോകളും റീലുകളും ലോകം കാണുന്നതിന് മുൻപ് തന്നെ കാണാൻ സബ്സ്ക്രൈബ് ചെയ്തവർക്ക് സാധിക്കുമെന്നും ആരാധകരുടെ ആശംസകളും അഭിപ്രായങ്ങളും നേരിട്ട് അറിയാനും അവരുമായി സംവദിക്കാനുമുള്ള ഒരു സ്വകാര്യ ഇടമാണിതെന്നും അന്ന പറയുന്നു.
‘‘പ്രിയപ്പെട്ടവരേ, കഴിഞ്ഞ രണ്ട് വർഷം മുൻപാണ് എന്റെ ഈ സബ്സ്ക്രിപ്ഷൻ യാത്ര ആരംഭിച്ചത്. നിങ്ങളേവരുമായും കണക്ട് ചെയ്യാൻ സാധിച്ച ഈ കാലയളവ് തികച്ചും അദ്ഭുതകരമായിരുന്നു.
എന്റെ റീലുകളും ഫോട്ടോകളും മറ്റുള്ളവരിലേക്ക് എത്തുന്നതിന് മുൻപ് തന്നെ കാണാനുള്ള അവസരം ഇവിടെ നിങ്ങൾക്ക് ലഭിക്കും. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും ആശംസകളും പങ്കുവയ്ക്കാനും എനിക്ക് നിങ്ങളുമായി കൂടുതൽ അടുത്ത സംവദിക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
സബ്സ്ക്രിപ്ഷൻ എന്നത് കൊണ്ട് നിലവാരമില്ലാത്ത ഉള്ളടക്കം നൽകുമെന്ന് ഒരിക്കലും അർഥമാക്കുന്നില്ല. ഗുണമേന്മയുള്ളതും സർഗ്ഗാത്മകവുമായ സൃഷ്ടികൾക്കും മാന്യമായ ഇടപെടലുകൾക്കും മാത്രമാണ് ഇവിടെ പ്രാധാന്യം.
അതുകൊണ്ട് തന്നെ, തികച്ചും പ്രഫഷനലായ ഉള്ളടക്കം മാത്രമേ നിങ്ങളിലേക്ക് എത്തുകയുള്ളൂ; മാന്യമല്ലാത്ത രീതിയിലുള്ള യാതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്.
ഇക്കാര്യം മനസ്സിലാക്കിയതിനും എന്റെ ഈ യാത്രയിൽ പങ്കുചേരുന്നതിനും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’’ അന്ന രാജൻ കുറിച്ചു.